Biography

1969 ല്‍ പുല്ലൂര്‍ ഊരകത്ത്‌ ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ പി.എല്‍.ഔസേപ്പ്‌ മാസ്റ്ററുടേയും എം.ഒ.അന്നത്തിന്റേയും മകനായി ജനിച്ചു. അവിട്ടത്തൂര്‍ ഹോളിഫാമലി എല്‍പി സ്‌കൂള്‍, അവിട്ടത്തൂര്‍ എല്‍.ബി.എസ്‌.എച്ച്‌.എസ്‌.എസ്‌ എന്നിവിടങ്ങിലെ പ്രാഥമിക വിദ്യഭ്യാസത്തിന്‌ ശേഷം ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌ കോളേജ്‌, ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ്‌ കോളേജ്‌, പി.ജി.സെന്റര്‍ തൃശ്ശൂര്‍, പുല്ലൂര്‍ സെന്റ്‌ സേവിയേഴ്‌സ്‌ ഐ.ടി.സി, എന്നിവിടങ്ങളിലായി വിദ്യഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന്‌ ഭാരതീയാര്‍യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ബി.എ യും കരസ്ഥമാക്കി. ഇപ്പോള്‍ ഭാരതീയാര്‍ യൂണിവേഴ്‌സിറ്റില്‍ തന്നെ എം.എസ്‌.ഡബ്യൂവിന്‌ തയ്യാറെടുത്തുവരുന്നു. ഇരിങ്ങാലക്കുടയുടെ സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ തന്റേതായ ഇടം കണ്ടെത്തി മുന്നേറുന്ന ജോസ്‌.ജെ. ചിറ്റിലപ്പിള്ളി അവിട്ടത്തൂര്‍ എല്‍.ബി.എസ്‌.എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ്‌ മുതല്‍ എസ്‌.എഫ്‌.ഐയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച്‌ ക്ലാസ്സ ലീഡറായി തെരഞ്ഞടുക്കപ്പെട്ട്‌ ആരംഭിച്ച പൊതു ജീവിതം അവിട്ടത്തൂര്‍ ഹോളിഫേമലി ദേവാലയത്തിലെ ജൂനിയര്‍ സിഎല്‍സിയിലും ഊരകം സെന്റ്‌ ജോസഫ്‌സ്‌ ദേവാലയത്തിലെ അള്‍ത്താര ബാലസംഘത്തിലൂടേയും വളര്‍ന്ന്‌ ഊരകത്തെ യുവാക്കള്‍ക്ക്‌ വേണ്ടി സ്റ്റാര്‍ ആര്‍ട്‌സ്‌ ആന്റ്‌ സ്‌പോര്‍സ്‌ ക്ലബ്ബിന്റെ രൂപീകരണത്തില്‍ മുഖ്യപങ്കു വഹിക്കാന്‍ ആ കാലഘത്തില്‍ കഴിഞ്ഞു. പ്രീഡിഗ്രീ പഠനത്തിന്‌ മങ്ങാടികുന്നിലെ ക്രൈസ്‌റ്റില്‍ എത്തിയതോടെ പ്രവര്‍ത്തനം പുതിയ മേഖലകളിലേക്ക്‌ പുതിയ മേഖലകളിലേക്ക്‌ ചുവടുവെച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌ കോളേജില്‍ ഈവനിങ്‌ ഷിഫ്‌റ്റില്‍ ആദ്യമായി എസ്‌.എഫ്‌.ഐ ഘടകം ഉണ്ടാക്കിയപ്പോള്‍ കണ്‍വീനറായും തുടര്‍ന്ന്‌ നാലുവര്‍ഷത്തോളം എസ്‌.എഫ്‌.ഐ ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി രണ്ടു വര്‍ഷം ഏരിയ പ്രസിഡന്റ്‌ എസ്‌.എഫ്‌.ഐ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗമായും ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ജില്ലാ ജോ.സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു പിന്നീട്‌ യുവജന രംഗത്തേക്ക്‌ കടന്ന്‌ ഡി.വൈ.എഫ്‌.ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കമ്മിറ്റി അംഗമായും ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

അദ്ധ്വാനത്തിന്റെ മഹത്വവും സ്വന്തം കഴിവിലെ ആത്മവിശ്വാസവും മനസ്സിലാക്കി പഠിച്ച തൊഴിലിനെ പ്രയോഗത്തില്‍ കൊണ്ടുവന്ന്‌ കംപ്യൂട്ടര്‍ വിദ്യഭ്യാസ മേഖലയിലേക്ക്‌ കലെടുത്തുവെച്ചു. പുല്ലൂര്‍ ഐടിസിയില്‍ നിന്ന്‌ ലഭിച്ച കംപ്യൂട്ടറിന്റെ ബാലപാഠങ്ങളും അച്ചടക്കവും നെഞ്ചിലേറ്റി കംപ്യൂട്ടര്‍ മേഖലയിലേക്ക്‌ തിരിയുകയായിരുന്നു. ഒന്നര വര്‍ഷത്തോളം തൃശ്ശൂരില്‍ സ്വകാര്യ കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ ഇന്‍സ്‌ട്രക്ടറായും, മാര്‍ക്കറ്റിംങ്‌ എക്‌സിക്യൂട്ടറായും പ്യൂണായും പ്രവര്‍ത്തിച്ചു ലഭിച്ച തീക്ഷ്‌ണമായ അനുഭവങ്ങളില്‍ നിന്നുള്ള അന്വേഷണങ്ങള്‍ സ്വയം തൊഴിലിന്റെ മഹത്വത്തിലേക്കും അനന്തമായ സാധ്യതകളിലേക്കും ചെന്നെത്തിച്ചു. തൃശ്ശൂരിലെ പ്രമുഖ കംപ്യൂട്ടര്‍ സ്ഥാപനമായ ഐആര്‍എസുമായ ബന്ധം ഒടുവില്‍ ഐആര്‍എസിന്റെ പ്രവര്‍ത്തനങ്ങള്‍ ഇരിങ്ങാലക്കുടയിലേക്ക്‌ വ്യാപിപ്പിക്കുന്നതിലേക്ക്‌ ഇടയാക്കി. കംപ്യൂട്ടര്‍- ഇന്റര്‍നെറ്റ്‌ രംഗത്ത്‌ വിപ്ലവം സൃഷ്ടിച്ചു കൊണ്ട്‌ ഇരിങ്ങലക്കുട ഡോട്ട്‌കോം എന്ന കേരളത്തിലെ ആദ്യത്തെ പ്രദേശിക ഇന്റര്‍നെറ്റ്‌ ന്യൂസ്‌ പോര്‍ട്ടല്‍ സ്‌ഥാപിച്ചു. 1999 നവംബര്‍16ന്‌ മുന്‍ മുഖ്യമന്ത്രി കെ.കരുണാകരനായിരുന്നു ഉദ്‌ഘാടനം ചെയ്‌തത്‌. ഇന്ന്‌ ഇരിങ്ങാലക്കുടയുടെ സാംസ്‌കാരിക രംഗത്തെ പ്രധാനപ്പെട്ട ഒരു അടയാളമാണ്‌ ഇരിങ്ങാലക്കുട ഡോട്ട്‌ കോം.

ഇരുപതോളം സംഘടനകളുടെ അമരത്തിരുന്ന്‌ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ഇക്കാലയളവില്‍ കഴിഞ്ഞു ഐ.എം.എ. ബ്ലഡ്‌ ഡോണേഴ്‌സ്‌ ഫോറം ഇരിങ്ങാലക്കുട ചീഫ്‌ സോണല്‍ കോ- ഓര്‍ഡിനേറ്റര്‍, കിഡ്‌നി ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ ഇരിങ്ങാലക്കുട ചാപ്‌ററര്‍ വര്‍ക്കിംഗ്‌ ചെയര്‍മാന്‍, സമ്പൂര്‍ണ്ണ അവയവദാന പദ്ധതി ഇരിങ്ങാലക്കുട മേഖല കോ-ഓഡിനേറ്റര്‍, ലെപ്രസി കണ്‍ട്രോള്‍ ഘടകം തൃശ്ശൂര്‍ ജില്ല ജനറല്‍ സെക്രട്ടറി ആല്‍ഫാ പെയിന്‍ & പാലിയേറ്റീവ്‌ ഇരിങ്ങാലക്കുട ഘടകത്തിന്റെ ഖജാന്‍ജി എന്നീ സ്ഥാനങ്ങളില്‍ നിന്ന്‌കൊണ്ട്‌, അദ്ദേഹം ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിച്ചു വരുന്നു. ജ്യോതിസ്‌ കോളേജിന്റെ ഡയറക്ടര്‍പദം എടുത്തു പറയത്തക്കതാണ്‌. നിരവധി വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും ദിശാബോധത്തോടെ അദ്ദേഹം നയിക്കുന്നു. പുല്ലൂര്‍ സര്‍വ്വീസ്‌ സഹകരണബാങ്ക്‌ പ്രസിഡന്റ്‌ എന്ന നിലയില്‍ സ്‌തുത്യര്‍ഹമായ വികസന പ്രവര്‍ത്തനങ്ങളാണ്‌ നിര്‍വ്വഹിച്ചുകൊണ്ടീരിക്കുന്നത്‌. ഇരിങ്ങാലക്കുട സ്‌പോര്‍ട്‌സ്‌ പ്രൊമോഷന്‍ കൗണ്‍സില്‍ വൈസ്‌ ചെയര്‍മാന്‍, ചെസ്സ്‌ അക്കാദമി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ കായിക മേഖലയിലെ ഇടപെടലിന്‌ തെളിവാണ്‌. പഠനകാലത്തുതന്നെ സംഘാടന മികവ്‌ പ്രകടമാക്കിയിരുന്നു. എസ്‌.എഫ്‌.ഐ. യുടെ ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി, ഏരിയ പ്രസിഡന്റ്‌, ജില്ലാ വൈസ്‌. പ്രസിഡന്റ്‌ ഡി.വൈ.എഫ്‌.ഐ.യുടെ ഇരിങ്ങാലക്കുടയുടെ ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളില്‍ ഊര്‍ജിതമായ പ്രവര്‍ത്തനം അദ്ദേഹം കാഴ്‌ചവെച്ചിട്ടുണ്ട്‌. ഉണ്ണായിവാരിയര്‍ കലാനിലയം ഭരണസമിതി അംഗമായി പ്രവര്‍ത്തിച്ച്‌ ചിറ്റിലപ്പിള്ളി, 2020 ല്‍ ഇരിങ്ങാലക്കുട എങ്ങനെയായിരിക്കണം എന്ന വികസന കാഴ്‌ചപ്പാട്‌ ബഹുജന സംവാദത്തിലൂടെ രൂപപ്പെടുത്തിയ ‘വിഷന്‍ ഇരിങ്ങാലക്കുട’യുടെ ചെയര്‍മാന്‍ പദത്തിലിരുന്ന്‌ ഞാറ്റുവേല ചന്ത പോലുള്ള നിരവധി പുതുമയുള്ള പ്രദര്‍ശനങ്ങള്‍ക്കും സെമിനാറുകള്‍ക്കും സംഘാടനം നല്‌കിവരുന്നു. പൊഴോലിപ്പറമ്പില്‍ കുടുംബയോഗത്തിന്റെ ജോ.സെക്രട്ടറിയും, ചിറ്റിലപ്പിള്ളിമഹാകുടുംബയോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു വരുന്നു.സി.പി.എം പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും , ഊരകം ബ്രാഞ്ച്‌ സെക്രട്ടറിയുമാണ്‌.ഉള്‍ക്കാഴ്‌ച , കിഡ്‌നി വോയ്‌സ്‌, ചിറ്റില്ലം , സാന്‍ജോ വോയ്‌സ്‌ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ താക്കോല്‍ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു വരുന്നു.സുസ്ഥിര വികസനത്തിലേക്ക്‌ സുശക്ത പാതയൊരുക്കുന്ന ‘ഗ്രീന്‍ പുല്ലൂര്‍ ‘ പദ്ധതിയുടെ ആവിഷ്‌ക്കാരം ജനകീയ വികസന ഇടപെടലിന്റെയും ദീര്‍ഘദര്‍ശനത്തിന്റെയും അടയാളങ്ങളാണ്‌.